പനേങ്ക ഫ്രീ കിക്ക് മെസിയുടെ ഗോളല്ല, സെൽഫ് ഗോളെന്ന് മാഡ്രിഡിലെ മാധ്യമങ്ങൾ
എസ്പാന്യോളിനെതിരായ ലാലിഗ മത്സരത്തിൽ മെസിയുടെ മറ്റൊരു തകർപ്പൻ പ്രകടനത്തിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ എഴുപതാം മിനുട്ടു വരെ ഗോൾരഹിത സമനിലയിൽ നിന്നിരുന്ന കളിയിൽ ബാഴ്സയുടെ വിജയമുറപ്പിച്ച് രണ്ടു ഗോളുകളും മെസിയാണു നേടിയത്. അതിൽ ആദ്യം നേടിയ ഫ്രീ കിക്ക് ഗോൾ മത്സരത്തിനു ശേഷം ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഗോൾകീപ്പർമാരെ കബളിപ്പിച്ചു നേടുന്ന പനേങ്ക പെനാൽട്ടിക്കു സമാനമായ രീതിയിലാണ് മെസി സീസണിലെ തന്റെ മുപ്പതാമത്തെ ലാലിഗ ഗോൾ കുറിച്ചത്. പനേങ്ക ഫ്രീ കിക്കെന്ന പേരിൽ മത്സരത്തിനു ശേഷം ഏറെ ചർച്ചയായ ആ ഗോൾ മെസിയുടെ ഗോളല്ലെന്നും അത് സെൽഫ് ഗോളാണെന്നുമാണ് മാഡ്രിഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാധ്യമമായ മാർക്ക പറയുന്നത്.
മത്സരത്തിനു ശേഷമുള്ള മാച്ച് റിപ്പോർട്ടിലാണ് മെസിയുടെ ഗോളിനു പകരം സെൽഫ് ഗോളെന്ന് മാർക്ക എഴുതിയത്. നിയമപ്രകാരം ഗോൾ വലക്കുള്ളിലേക്കു പോകുന്ന പന്ത് പ്രതിരോധ താരത്തിന്റെ ദേഹത്തു തട്ടി ഗോളായാൽ അതു സെൽഫ് ഗോളായി കണക്കാക്കില്ല. ഷോട്ടുതിർത്ത താരത്തിന്റെ പേരിൽ തന്നെയാണു ഗോൾ കുറിക്കപ്പെടുക. ഗോൾ വലയിലേക്ക് പോവുകയായിരുന്ന മെസിയുടെ ഫ്രീ കിക്കാണ് പ്രതിരോധ താരം വിക്ടർ സാഞ്ചസിന്റെ ദേഹത്തു തട്ടി വലയിൽ കയറിയത്. ഔദ്യോഗികമായി തന്നെ മെസിയുടെ പേരിൽ ഗോൾ കുറിക്കപ്പെട്ടെങ്കിലും മാഡ്രിഡിലെ മാധ്യമം മാത്രം അതിനെ സെൽഫ് ഗോളെന്ന രീതിയിൽ പ്രേക്ഷകരിലേക്കെത്തിക്കുകയായിരുന്നു. ഇതിനെതിരെ ആരാധകർ പ്രതിഷേധവുമായി എത്തിയതോടെ മാർക്ക അതു മാറ്റിയെഴുതി.
ലാലിഗയിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരത്തിനു മാർക്ക നൽകുന്ന പിച്ചിച്ചി അവാർഡ് മെസിക്കു നൽകാതിരിക്കാനാണ് മാർക്ക ഇങ്ങനൊരു നീക്കം നടത്തിയതെന്നാണ് മാച്ച് റിപ്പോർട്ട് വന്നപ്പോൾ ആരാധകർ പറഞ്ഞത്. എന്നാൽ ആർക്കും മറികടക്കാനാവാത്ത വിധത്തിൽ പിചിച്ചി ട്രോഫിക്കായുള്ള പോരാട്ടത്തിൽ മെസി ബഹുദൂരം മുന്നിലാണ്. 31 ഗോളുകളുമായി മെസി ലാലിഗയിലും യൂറോപ്പിലും ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ 18 ഗോളുകൾ നേടിയിട്ടുള്ള സുവാരസാണ് സ്പാനിഷ് ലീഗിൽ രണ്ടാം സ്ഥാനത്ത്.
No comments:
Post a Comment